കതിരൂരിൽ ദേശീയ മൃഗമായ ബംഗാൾ കടുവയുടെ തോൽ വിൽക്കാൻ ശ്രമിച്ച ഏഴംഗ സംഘത്തിന് കർണാടക ബന്ധമുള്ളതായി സ്ഥിരീകരിച്ചു. പ്രായമേറെയായ വയസ്സൻ കടുവയെ വേട്ടയാടിയ ശേഷം നഖവും പല്ലും വരെ പിഴുതെടുത്താണ് തോൽ വിൽപനയ്ക്ക് എത്തിച്ചത്. അന്താരാഷ്ട്ര കരിഞ്ചന്തയിൽ 10 കോടി വരെ വില ലഭിക്കാവുന്ന കടുവാ തോലിന് ഇവിടെ 2 കോടിയോളമാണ് വില നിശ്ച്ചയിച്ച് എത്തിച്ചത്.
കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപന നടത്താൻ ശ്രമിച്ച ഏഴംഗ സംഘത്തെ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമാണ് പിടികൂടിയത്. വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർന്നാണ് സംഘത്തെ പിടികൂടിയത്. കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ് ടി.യുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ഫോറസ്റ്റ് ഇൻ്റലിജൻസിൻ്റെ രഹസ്യ വിവര പ്രകാരം കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്.വൈശാഖ് IFS ൻ്റെ നിർദേശത്തിൽ
തലശ്ശേരി താലൂക്കിലെ കതിരൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ആദ്യഘട്ടത്തിൽ കതിരൂരിൽ വെച്ച് എരുവട്ടി സ്വദേശി അശ്വിൻ എൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി. എം, ബാലൻ സി എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികൾ പിടിയിലായത്. കല്ലിക്കണ്ടി സ്വദേശി ശരത് കെ. കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയിൽ നിന്നും വിതുൽ വി. കെ, മലാൽ സ്വദേശി രഖിൽ ടി. പി എന്നിവരെയും അന്വേഷണ സംഘം പിടികൂടി.
കടുവയുടെ ശരീരഭാഗങ്ങൾ കടത്താൻ ഉപയോഗിച്ച ഇന്നോവ കാർ പിടിച്ചെടുത്തു. കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ്, കണ്ണൂർ വിജിലൻസ് റേഞ്ച് ഓഫീസർ വി. ജയപ്രകാശ്, തോലമ്പ്ര സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രമ്യ കെ. കെ, വിപീഷ് ബി. സി, കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുകേഷ് കെ. പി, ഷിനിൽ സി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.ഷജ്ന,ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.അറസ്റ്റിലായ പ്രതികളെ തലശ്ശേരി ജെ.എഫ്.സി.എം (JFCM) കോടതിയിൽ ഹാജരാക്കി.
എന്നാൽ സംഘത്തിന് പിന്നിൽ വൻ മാഫിയയാണ് ഉള്ളതെന്ന് വനം വകുപ്പ് പറയുന്നു. കർണാടകയിലും തമിഴ്നാട്ടിലും വടക്കേ ഇന്ത്യയിൽ വരെ വേരുകളുള്ള വൻ മാഫിയ ആണ് സംഘത്തിലുള്ളതെന്നും ഇവരെ പിടികൂടാൻ നീക്കം നടത്തി വരികയാണെന്നും വനവകുപ്പ് പറയുന്നു. ആവശ്യക്കാരന്റെ ഡിമാന്റിന് അനുസരിച്ചാണ് ഇതിൻറെ വിലയെന്നും വിൽക്കുന്നവനും വാങ്ങുന്നവനും തമ്മിൽ ഉണ്ടാക്കുന്ന വ്യവസ്ഥകൾക്ക് അനുസരിച്ചാണ് വിൽപ്പന നടത്താറുള്ളത് കണ്ടെത്തിയിട്ടുണ്ട്.
Tiger skin, claws and teeth worth around Rs 2 crore were brought from Karnataka. Many more are yet to be caught. The skin belongs to the Bengal tiger, India's national animal























